Notice Board » News

KFRI ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  ഇന്ന് തുടക്കമായി.  ജൂലൈ 6, 2024, ശനിയാഴ്ച രാവിലെ 10.00 മണിക്ക് വനഗവേഷണ സ്ഥാപനത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ബഹു. റവന്യൂ, പാർപ്പിട വകുപ്പ് മന്ത്രി, അഡ്വ. കെ. രാജൻ സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. കെ.പി. സുധീർ ആധ്യക്ഷം വഹിച്ചു. വനഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്.വാരിയർ സ്ഥാപനത്തിൻ്റെ തുടക്കം, വളർച്ചയുടെ വിവിധ നാഴികക്കല്ലുകൾ, എന്നിവ അനുസ്മരിച്ചു കൊണ്ട് പരിപാടിയിലേക്ക് സ്വാഗതം ചെയ്തു, വനം വന്യജീവി വകുപ്പ് പ്രതിനിധി സി സി എഫ് ശ്രീ ആടലരശൻ ഐ. എഫ്.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. 

ഉൽഘാടന പ്രസംഗത്തിൽ ബഹു റവന്യു - ഭവന വകുപ്പ് മന്ത്രി അഡ്വ കെ രാജൻ കെ എഫ് ആർ ഐയുടെ സ്ഥാപനത്തിലേക്ക് നയിച്ചത് ശ്രീ അച്യുതമേനോൻ്റെ ദീർഘവീക്ഷണമാണ് എന്ന് ഊന്നിപ്പറഞ്ഞു. വനഗവേഷണ സ്ഥാപനത്തിൻ്റെ ഒപ്പം ശാസ്ത്രീയ ഗവേഷണത്തിലും സാങ്കേതിക വിദ്യാ വികസനത്തിലും കേരളത്തിൻ്റെതായ സംഭാവനകൾ നൽകുന്നതിനായി ശ്രീ അച്ച്യുതമേനോൻ പത്തോളം ഗവേഷണ വികസന സ്ഥാപനങ്ങൾ ക്ക് തുടക്കം കുറിചകാര്യവും ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ ഈ നിലപാട് നിർണ്ണായകമായിരുന്നു എന്നും അനുസ്മരിച്ചു. വന അനുബന്ധ ജൈവ വിഭവങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഒപ്പം പരിസ്ഥിതി പരിരക്ഷണത്തിനും എന്നും KFRI യുടെ പങ്ക് കേരളത്തിലെ മറ്റേത് സർക്കാർ സ്ഥാപനത്തിൻ്റേതുമായി തട്ടിച്ചു നോക്കുമ്പോൾ നിസ്തുലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാലാവസ്ഥാ മാറ്റം പാരിസ്ഥിതിക പുനസ്ഥാപനം തുടങ്ങി ജ്ഞാനാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനായി കേരളം തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ സുസ്ഥിര വികസനത്തിനായും ശാസ്ത്ര ബോധം വളർത്തുന്നതിനായും വനഗവേഷണ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ലോഗോ അനാച്ഛാദനം ചെയ്തു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.  

ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, വന ശാസ്ത്ര ഗവേഷണത്തിൽ നിഷ്ണാതരായ ഗവേഷകരുടെ പ്രഭാഷണങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ശാസ്ത്ര സദസ്സുകൾ എന്നിങ്ങനെ നിരവധി പരിപാടികൾക്ക് ഇതോടെ തുടക്കം കുറിക്കപ്പെട്ടു.  സുവർണ്ണ ജൂബിലി ശാസ്ത്ര പ്രഭാഷണ പരമ്പരയുടെ ഭാഗമായുള്ള രണ്ടു പ്രഭാഷണങ്ങൾ ഉത്ഘാടന ചടങ്ങുകളെത്തുടർന്ന്  കെ എഫ് ആർ ഐയുടെ മുൻ ഡയറക്ടറും, ഐക്യരാഷ്ട്ര സംഘടനയുടെ, ഭക്ഷ്യ-കാർഷിക വിഭാഗം മുൻ സാമ്പത്തിക കാര്യ വിദഗ്ദ്ധനും ആയിരുന്ന ഡോ സി ടി  എസ് നായർ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലും അരുണാചൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡീസ് മുൻ വൈസ് ചാൻസലറുമായ, പ്രൊഫ.ബി.മോഹൻകുമാർ എന്നിവർ നിർവ്വഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷകമ്മറ്റിയുടെ പേരിൽ കൺവീനർ, പ്രിൻസിപ്പൽ സയന്റിസ്ട്  ഡോ. എ.വി. രഘു നന്ദി പറഞ്ഞു.


Published on: July 6, 2024

News & Events